navbar1

HOME

Thursday, April 7, 2016

മദ്യനിരോധനം നാടിന്റെ നന്മയ്ക്ക്


മദ്യനിരോധനം നാടിന്റെ നന്മയ്ക്ക്

മദ്യവര്‍ജ്ജനത്തേക്കാളുപരി മദ്യനിരോധനംതന്നെയാണ് അഭികാമ്യം.മദ്യനിരോധനത്തെ എതിര്‍ക്കുന്നവര്‍ ഒട്ടനവധി വാര്‍ത്തകള്‍ പടച്ചുവിടുന്നുണ്ട്.ഈയടുത്ത് ബീഹാറില്‍ മദ്യനിരോധനം നടപ്പിലാക്കിയതിനെ തുടര്‍ന്ന് മദ്യപന്മാര്‍ ലഹരിക്കുവേണ്ടി സോപ്പ്,പേപ്പര്‍ മുതലായവ കയ്യില്‍ കിട്ടുന്നതെന്തും തിന്നുന്നുവെന്നും ഇക്കുട്ടര്‍ കൂടുതല്‍ അക്രമാസക്തരാവുന്നു, കുടുംബാംഗങ്ങളെപ്പോലും തിരിച്ചറിയാന്‍ കഴിയാതെപോകുന്നു തുടങ്ങിയ വാര്‍ത്തകള്‍ വരുന്നു.സത്യത്തില്‍ ഇവര്‍ രോഗികളാണ്.രോഗംബാധിച്ചവര്‍ക്ക് വേണ്ടുന്ന ചികിത്സയാണ് നല്‍കേണ്ടത്.അതിനായി ഡിഅഡിക്ഷന്‍ സെന്ററുകളില്‍ കൊണ്ടുപോവുക.മദ്യമുളളതുകൊണ്ടാണല്ലോ ഇത്തരത്തിലുളള രോഗികളേറിവരുന്നത്.അവര്‍ക്കായി നിലവിലുളളതിനേക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ടതും എണ്ണംകൂട്ടിയും കോടികള്‍ മുടക്കി ഡിഅഡിക്ഷന്‍ സെന്ററുകള്‍ സ്ഥാപിക്കുക.മദ്യനിരോധനം നടപ്പിലാക്കിയാല്‍ ഇത്തരം സംവിധാനങ്ങള്‍ക്ക് ഒരു നിശ്ചിത കാലയളവില്‍ മാത്രം സമ്പത്ത് ചെലവഴിച്ചാല്‍ മതിയാവും.ഈയടുത്ത് മുഖ്യമന്ത്രി പറയുകയുണ്ടായി മദ്യവില്പനയില്‍ നിന്നും സര്‍ക്കാര്‍ഖജനാവിലേക്ക് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ പണം മദ്യപന്മാരുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ ചെലവഴിക്കുന്നുവെന്ന്. അങ്ങനെയെങ്കില്‍ എന്തിന് ആളുകളെകുടിപ്പിച്ച് രോഗികളാക്കി ചികിത്സിക്കുന്നത്.രോഗം വരുന്നതിനേക്കാളുപരി രോഗം വരാതിരിക്കുവാനുളള നടപടിയല്ലേ നല്ലത്. മദ്യത്തിന് അടിമപ്പെട്ടവര്‍ക്ക് മദ്യം ലഭിക്കാതെ വരുമ്പോള്‍ കാണിക്കുന്ന പരാക്രമങ്ങള്‍ക്ക് പരിഹാരം
മാര്‍ക്കറ്റില്‍ മദ്യം സുലഭമാക്കുകയെന്നുള്ളതല്ല.നമ്മുടെ രാജ്യത്ത് മയക്കുമരുന്ന് വില്പന,കൈവശംവെയ്ക്കല്‍,ഉപഭോഗം എന്നിവയൊക്കെ നിയമംമൂലം നിരോധിക്കപ്പെട്ടിട്ടുളളതാണല്ലോ.ഇതിന് അടിമപ്പെട്ടവരും നേരത്തെ സൂചിപ്പിച്ചതുപ്പോലെ കൂടുതല്‍ അക്രമാസക്തമായ ചേഷ്ടകള്‍ കാണിക്കുന്നവരാണ്.
ഇവര്‍ക്കും മാര്‍ക്കറ്റില്‍ മയക്കുമരുന്നുകള്‍ സുലഭമായി ലഭിക്കുന്നതിനുളള തീരുമാനങ്ങളൊന്നും സര്‍ക്കാര്‍ ഇതുവരെ എടുത്തിട്ടില്ല.സമൂഹത്തോടുക്കാണിക്കുന്ന കൊടും വഞ്ചനയായതിനാല്‍ അത്തരം ഒരു തീരുമാനം സര്‍ക്കാറിന് എടുക്കുവാനുമാവില്ല.മദ്യവര്‍ജ്ജനം എന്നതിലൂടെ മദ്യത്തിന്റെ വിപത്തുകളെകുറിച്ച് ബോധമുളളവര്‍ക്കേ വര്‍ജ്ജിക്കുവാന്‍ കഴിയൂ.പിന്നെ മറ്റൊന്ന് ബോധവല്‍ക്കരണം -ഇത്രയുംക്കാലം അധര വ്യായാമം നടത്തിയിട്ടും ബോധംവെയ്ക്കാത്ത ഈ ന്യൂനപക്ഷ സമൂഹത്തോട് എന്തിനീമദ്യം കൊടുത്ത് കൂറുപുലര്‍ത്തണം.കുടിയന്മാര്‍ എപ്പോഴും കുടിയന്മാരായിതന്നെ അവരുടെ ജീവിതം തുലയട്ടെ എന്ന് വിചാരിക്കുന്നത് ആത്മഹത്യാപരമാണ്.ഇനി വരുന്ന തലമുറയ്ക്കെങ്കിലുംവേണ്ടി മദ്യം പാടെ തുടച്ചുനീക്കിയ ഒരു നാട് സൃഷ്ടിക്കുകയാണ് വേണ്ടത്.ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്താണ് ആരോഗ്യമുളള ജനത.അതായിരിക്കണം ഏതൊരു ഭരണാധികാരിയുടേയും സ്വപ്നം.ആ സ്വപ്നത്തെ സാക്ഷാല്‍ക്കരിക്കുക എന്നുളളതാണ് ഭരണ നേതൃത്വത്തിന്റെ ആര്‍ജ്ജവം.

No comments:

Post a Comment

  മധുരിക്കും മിറാക്കിൾ ഫ്രൂട്ട് സമീപകാലത്ത് നമ്മുടെ നാട്ടിൽ അതിഥിയായെത്തിയ പഴവർഗച്ചെടിയാണ് മിറാക...