അടുത്തകാലത്തായി
നാം ഏറെ കേള്‍ക്കുന്ന പദമാണ്
ഫാറ്റിലിവര്‍. എനിക്ക്
പ്രഷറും ഷുഗറും കൊളസ്ട്രോളും
ഉണ്ട് എന്നു പറഞ്ഞുനടക്കുന്ന
ഒരുകൂട്ടം ആളുകള്‍ അതിനോടൊപ്പം
ഫാറ്റിലിവറെന്ന പുതിയൊരു
വില്ലനെപ്പറ്റിയും
സംസാരിച്ചുതുടങ്ങിയിരിക്കുന്നു.
തടിയന്മാരുടെ രോഗം
എന്ന കുപ്രസിദ്ധിയില്‍നിന്നും
മെലിഞ്ഞവരിലും വന്നേക്കാവുന്ന
ഒന്നായി ഇതു മാറിക്കഴിഞ്ഞു.
ഈ ഫാറ്റിലിവറിനെക്കുറിച്ച്
നമുക്ക് ഒരല്‍പ്പം മനസ്സിലാക്കാം.
അതിനുമുമ്പ് നമുക്ക്
ചില രോഗികളെ പരിചയപ്പെടാം.
1. മിസിസ് എ: 55
വയസ്സുള്ള ഒരു തനി
നാട്ടിന്‍പുറത്തുകാരിയാണ്.
പാരമ്പര്യമായി
കിട്ടിയ അമിതവണ്ണം ഓരോ വര്‍ഷവും
കൂടുന്നതല്ലാതെ കുറയുന്നില്ല.
കഴിഞ്ഞ അഞ്ചുവര്‍ഷമായി
പ്രഷറും ഷുഗറും കൊളസ്ട്രോളുമുണ്ട്.
ഇതൊന്നും പോരാത്തതിനാണ്
കഴിഞ്ഞമാസം ചെയ്ത ചെക്കപ്പില്‍
ഫാറ്റിലിവര്‍കൂടി ഉണ്ടെന്ന്
മനസ്സിലാക്കുന്നത്.
2. മിസ്റ്റര്‍ ബി: 32 വയസ്സുള്ള ചെറുപ്പക്കാരന്‍ ഐടി വിദഗ്ധനാണ്. തിരക്കേറിയ ജോലിയും ദിവസവുമുള്ള സമയംതെറ്റിയ ആഹാരവും, നിത്യേനയുള്ള ഫാസ്റ്റ്ഫുഡും. പാരമ്പര്യമായി അച്ഛനും അമ്മയ്ക്കും ഷുഗറുമുണ്ട്. അമിതവണ്ണമോ മദ്യപാനമോ ഒന്നുമില്ല. ഐടി കമ്പനി വാര്‍ഷിക മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാക്കിയപ്പോള്‍ ടെസ്റ്റ്ചെയ്തപ്പോഴാണ് ഫാറ്റിലിവറും കൊളസ്ട്രോളും ഉണ്ടെന്നറിയുന്നത്.
3. മിസ്റ്റര്‍ സി: ഇദ്ദേഹമൊരു 58 വയസ്സുള്ള റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. പല കൂട്ടുകാരും മദ്യപിക്കുമെങ്കിലും ഇദ്ദേഹം അതിനടുത്തുകൂടിപോലും പോയിട്ടില്ല. വര്‍ഷങ്ങളായി ഷുഗറും പ്രഷറും കൊളസ്ട്രോളും ഉണ്ട്. ഇതെല്ലാം കൃത്യമായി ചികിത്സിക്കുന്നുമുണ്ട്. അതിനിടയിലാണ് പെട്ടെന്നൊരു ദിവസം ഇദ്ദേഹം രക്തം ഛര്‍ദിച്ച് ഐസിയുവില്‍ അഡ്മിറ്റാകുന്നത്. പരിശോധനകളില്‍ തെളിഞ്ഞത് ഇദ്ദേഹത്തിന് ഫാറ്റിലിവര്‍മൂലം ഉണ്ടായ ലിവര്‍സിറോസിസ് (കരള്‍രോഗം) ആണെന്നാണ്.
യാസ്ട്രോ എന്‍റോളജിസ്റ്റിന്റെ അടുത്താണ് ഫാറ്റിലിവര്‍ രോഗികള്‍ എത്തുന്നത്. സാധാരണയായി ഈ മൂന്നു തരങ്ങളില്‍ ഒരു രോഗലക്ഷണവുമില്ലാതെ ചെറുപ്രായംതൊട്ട് ഉള്ളില്‍ കടന്നുകൂടി മധ്യവയസ്സിനുശേഷം നമ്മുടെ കരളിനെ പൊടുന്നനെ തളര്‍ത്തുന്ന വില്ലനാണ് ഫാറ്റിലിവര്‍.
എന്താണ് ഈ ഫാറ്റിലിവര്‍? കരളില്‍ അമിതമായി കൊഴുപ്പടിഞ്ഞ് അത് കരളിന്റെ പ്രവര്‍ത്തനത്തെവരെ ബാധിച്ചേക്കാവുന്ന അവസ്ഥയാണ് ഫാറ്റിലിവര്‍. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം മദ്യപാനംതന്നെയാണ്. എന്നാല്‍ മദ്യപാനി അല്ലാത്തവരിലും ഇതു കണ്ടുവരുന്നു. മദ്യപാനംമൂലം ഉണ്ടാകുന്ന കരള്‍രോഗത്തെപ്പറ്റി ഈ ലേഖനത്തില്‍ പ്രതിപാദിക്കാന്‍ ഉദ്ദേശിക്കുന്നില്ല. കാരണം, ഇതിന്റെ ചികിത്സ എന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്; മദ്യപാനം നിര്‍ത്തുക എന്നത്. ഇതു നടക്കുന്നില്ലെകില്‍ ഇത്തരം രോഗികളെ രക്ഷിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. മദ്യപാനികളല്ലാത്തവരില്‍ ഉണ്ടാകുന്ന ഫാറ്റിലിവറിനെപ്പറ്റി നമുക്ക് കൂടുതല്‍ അടുത്തറിയാം.
എന്തൊക്കെയാണ് കാരണങ്ങള്‍? മദ്യപാനംമൂലം അല്ലാതെയുള്ള ഫാറ്റിലിവറിന്റെ പ്രധാന കാരണം അമിതവണ്ണംതന്നെയാണ്. ഇത്തരക്കാരില്‍ സാധാരണയായി അമിതരക്തസമ്മര്‍ദവും പ്രമേഹവും രക്തത്തില്‍ അമിതമായി കൊളസ്ട്രോളിന്റെ അളവും കണ്ടുവരുന്നു. പ്രമേഹരോഗികളിലാകട്ടെ അമിതവണ്ണം ഇല്ലാതെയും ഫാറ്റിലിവര്‍ സാധാരണമാണ്. എന്നാല്‍ ഒരുകൂട്ടം രോഗികള്‍ക്ക് മേല്‍പ്പറഞ്ഞ ഒരു രോഗങ്ങളും, അമിതവണ്ണവും ഒന്നുമില്ലാതെ പാരമ്പര്യമായുള്ള ഫാറ്റിലിവര്‍ കണ്ടുവരുന്നു. ചില ജനിതകമായ കരള്‍രോഗങ്ങളിലും ഹെപ്പറ്റൈറ്റിസ് സി അണുബാധയിലും ഫാറ്റിലിവര്‍ കാണാറുണ്ട്.
ഫാറ്റിലിവറിന്റെ രോഗലക്ഷണങ്ങള്‍ എന്താണ്? ഫാറ്റിലിവറിനെപ്പറ്റി നാം അറിയേണ്ട ഒരു പ്രധാന ഘടകം എന്താണെന്നാല്‍, എല്ലാ ഫാറ്റിലിവറുകളും അപകടകാരിയല്ല എന്നതുതന്നെയാണ്. ഫാറ്റിലിവര്‍ ബാധിക്കുന്ന ഭൂരിപക്ഷം രോഗികളിലും ഇതു കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാറില്ല. ഇത്തരക്കാര്‍ക്ക് കൃത്യമായ വ്യായാമവും ആഹാരരീതികളും ഉണ്ടെങ്കില്‍ മറ്റൊന്നും പേടിക്കാനില്ല. എന്നാല്‍ ചില രോഗികളില്‍ ഇത് പതുക്കെപ്പതുക്കെ കരള്‍വീക്കം (ഹെപ്പറ്റെറ്റിസ്), പിന്നീട് കരളിന് സ്ഥായിയായ കേടുപാടുകള്‍ (ലിവര്‍ സിറോസിസ്) എന്നീ അവസ്ഥകളിലേക്കു നയിക്കുന്നു. അപൂവം രോഗികളില്‍ ഇത് കരളിലെ ക്യാന്‍സറിനും കാരണമാകാം. തുടക്കത്തില്‍ ഈ രോഗത്തിന് പ്രത്യേക ലക്ഷണങ്ങളൊന്നും ഇല്ല. ഇത്തരക്കാരില്‍ മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്കായുള്ള പരിശോധനയിലാണ് രോഗം കണ്ടുപിടിക്കുന്നത്. ഹെപ്പറ്റൈറ്റിസ് അവസ്ഥയില്‍ ചെറിയ ക്ഷീണം അനുഭവപ്പെട്ടേക്കാം. കരളില്‍ കൂടുതല്‍ കേടുപാടുകള്‍ സംഭവിക്കുമ്പോള്‍ ഇത് കാലിലും വയറിലും നീര്, രക്തം ഛര്‍ദിക്കല്‍, അബോധാവസ്ഥ, മഞ്ഞപ്പിത്തം തുടങ്ങിയ കടുത്ത രോഗലക്ഷണം ഉണ്ടായേക്കാം. എന്നാല്‍ ഇത്തരം കടുത്ത പ്രശ്നങ്ങള്‍ ചില രോഗികളില്‍ മാത്രമേ സംഭവിക്കാറുള്ളു. എല്ലാവരിലും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാറില്ല.
രോഗം എങ്ങിനെ കണ്ടുപിടിക്കാം
നേരത്തെ പറഞ്ഞതുപോലെ തുടക്കത്തില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ ടെസ്റ്റുകളിലൂടെ മാത്രമേ ഈ രോഗം കണ്ടുപിടിക്കാനാകൂ. പ്രധാനമായും അള്‍ട്രാസൗണ്ട് സ്കാനിങ്ങിലൂടെയാണ് രോഗനിര്‍ണയം നടത്തുന്നത്. പ്രമേഹം, അമിതമായ കൊളസ്ട്രോള്‍, രക്തസമ്മര്‍ദം എന്നീ രോഗങ്ങളുള്ളവര്‍ ഈ സ്കാനിങ് ചെയ്യുന്നത് ഉത്തമമാണ്. എല്ലാ ഫാറ്റിലിവറും അപകടകാരികളല്ല എന്ന് നേരത്തെ പറഞ്ഞുവല്ലോ. നിങ്ങളുടെ ഫാറ്റിലിവര്‍ പ്രശ്നക്കാരനാണോ അല്ലയോ എന്നറിയാന്‍ രക്തപരിശോധനകള്‍ അത്യാവശ്യമാണ്. ലിവര്‍ഫങ്ഷന്‍ ടെസ്റ്റുകള്‍, പ്രത്യേകിച്ച് എസ്ജിപിടി, എസ്ജിഒടി എന്നിവയില്‍ കേടുകളുണ്ടെങ്കില്‍ ഇത്തരം ഫാറ്റിലിവറുകള്‍ ചികിത്സിക്കേണ്ടതാണ്. ഈ രക്തപരിശോധനകള്‍ നോര്‍മലാണെങ്കില്‍ ആറുമാസത്തിലൊരിക്കലെങ്കിലും ഈ ടെസ്റ്റുകള്‍ വീണ്ടും ചെയ്യേണ്ടതാണ്.
ഫാറ്റിലിവറുള്ള രോഗികള്‍, പ്രത്യേകിച്ചും രക്തടെസ്റ്റുകളില്‍ അപാകങ്ങളുള്ളവര്‍ വിദഗ്ധ ഡോക്ടറുടെ നിര്‍ദേശം അനുസരിച്ചുള്ള മറ്റു ചില ടെസ്റ്റുകള്‍കൂടി ചെയ്യേണ്ടിവന്നേക്കാം. ഇതിനു ചികിത്സയുണ്ടോ? ഉണ്ടെന്നുതന്നെയാണ് ഉത്തരം. എന്നാല്‍ ഈ ചികിത്സയില്‍ മരുന്നുകള്‍ക്കല്ല പ്രധാന പങ്ക്. ഈ രോഗം മാറ്റിയെടുക്കുന്ന ഒരേയൊരു ചികിത്സ എന്നു തെളിയിക്കപ്പെട്ടത് വ്യായാമംതന്നെയാണ്. കൃത്യമായ വ്യായാമം, ആഹാരത്തിലെ കൊഴുപ്പു കുറയ്ക്കല്‍, പ്രമേഹവും കൊളസ്ട്രോളും രക്തസമ്മര്‍ദവും കൃത്യമായി കണ്‍ട്രോള്‍ ചെയ്യുക, അമിതവണ്ണം കുറയ്ക്കുക... ഈ ചികിത്സകളാണ് ഫാറ്റിലിവറിന്റെ രോഗപുരോഗതിയെ മാറ്റിമറിക്കുന്നത്.
അമിതവണ്ണം ഇല്ലാതെയുള്ള ഫാറ്റിലിവര്‍ രോഗികള്‍ക്കും കൃത്യമായ വ്യായാമം മാത്രമാണ് ചികിത്സക്കായി പലപ്പോഴും വേണ്ടത്. ഈ രോഗികള്‍ മദ്യപാനം (അതു ചെറിയ അളവിലാണെങ്കില്‍പ്പോലും) തീര്‍ത്തും ഒഴിവാക്കേണ്ടതും ആവശ്യമാണ്. രക്തടെസ്റ്റുകളില്‍ കാര്യമായ വ്യത്യാസങ്ങളുള്ള രോഗികള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ചില മരുന്നുകള്‍കൂടി ഉപയോഗിക്കേണ്ടതുണ്ട്. ഒരു വ്യായാമവും ഇല്ലാതെ എനിക്ക് ഫാറ്റിലിവര്‍ മാറാന്‍ മരുന്നു തരൂ എന്നു പറഞ്ഞുവരുന്ന രോഗികള്‍ നിരവധിയാണ്. ഇവരോട് ഒന്നേ പറയാനുള്ളു. വ്യായാമം ചെയ്യാനാകുന്നില്ലെങ്കില്‍ മരുന്നുകള്‍ മാത്രം ആശ്രയിക്കുന്നത് നിങ്ങളുടെ രോഗം മാറ്റാനല്ല. മരുന്നുകമ്പനികള്‍ക്ക് ലാഭമുണ്ടാക്കാന്‍ മാത്രമേ ഉപകരിക്കു. കൃത്യമായ വ്യായാമം മാത്രമാണ് ഈ രോഗത്തിന്റെ ചികിത്സ. തക്കസമയത്തു കണ്ടുപിടിച്ച് കൃത്യമായ വ്യായാമവും ചില മരുന്നുകളും ഉണ്ടെങ്കില്‍ നമുക്ക് ഈ രോഗത്തെ തടഞ്ഞുനിര്‍ത്താനാകും. ഓര്‍ക്കുക, ഫാറ്റിലിവര്‍ ഒരു ജീവിതശൈലി രോഗമാണ്. ജീവിതരീതികളിലെ നല്ലൊരു മാറ്റമാണ് ഇതിന്റെ പ്രധാന ചികിത്സ. ആരോഗ്യപൂര്‍ണമായ കരളിനുവേണ്ടി, ആരോഗ്യപരമായ ജീവിതത്തിനുവേണ്ടി, നമ്മുടെ ജീവിതശൈലികളില്‍ ആരോഗ്യപരമായ മാറ്റംവരുത്താന്‍ നമുക്കെല്ലാം പരിശ്രമിക്കാം.
(തിരുവനന്തപുരം പട്ടം എസ്യുടി ഹോസ്പിറ്റലില്‍ കണ്‍സള്‍ട്ടന്റ്, ഗ്യാസ്ട്രോ എന്ററോളജിസറ്റാണ് ലേഖിക)
deshabhimani-kilivathil
No comments:
Post a Comment