അഞ്ചുകോടി വര്‍ഷം പഴക്കമുള്ള ബീജം കണ്ടെത്തി
| Jul 21, 2015
ഫോസിലിന്റെ രൂപത്തില്‍ കണ്ടെടുത്ത ബീജകോശം. ചിത്രം കടപ്പാട്: Department of Palaeobiology, Swedish Museum of Natural History |
ലണ്ടന്‍: അഞ്ചുകോടി വര്‍ഷം പഴക്കമുള്ള ഫോസില്‍ രൂപത്തിലുള്ള ബീജം അന്‍റാര്‍ട്ടിക്കയില്‍ കണ്ടെത്തി. അട്ടയോടും മണ്ണിരയോടും സാദൃശമുള്ള ചെറുജീവിയുടെ കൂടിനുള്ളില്‍ (കൊക്കൂണ്‍) ആയിരുന്നു ബീജം.
ലോകത്ത് ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും പഴക്കമുള്ള ബീജമാണിത്. നാലുകോടിവര്‍ഷം പഴക്കമുള്ള ബീജമാണ് ഇതിനുമുമ്പ് കണ്ടെത്തിയതില്‍ പഴയത്.
അന്റാര്‍ട്ടിക്കയിലെ സെയ്‌മോര്‍ ദ്വീപില്‍ പര്യവേക്ഷണം നടത്തുമ്പോഴാണ് സ്റ്റോക്ക്‌ഹോമിലെ സ്വീഡിഷ് മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയിലെ ഗവേഷകര്‍ക്ക് ഈ കൊക്കൂണ്‍ ലഭിച്ചത്. കൊക്കൂണിന്റെ കട്ടിയുള്ള തോടുകള്‍ക്കുള്ളില്‍ സ്‌പോഞ്ചുപോലുള്ള ആവരണത്തിനുള്ളിലായിരുന്നു ബീജം.
മണ്ണിരകളുടെയും കുളയട്ടകളുടെയും വിഭാഗത്തില്‍പെടുന്ന 'ക്ലിറ്റെല്ലറ്റ' ( Clitellata ) എന്ന് പേരുള്ള ജീവിയുടെ ലൈംഗികകോശങ്ങളുടെ ഫോസില്‍രൂപമാണ് ഗവേഷകര്‍ കണ്ടെടുത്തത്.
എന്നാല്‍, അതിലെ ജൈവഘടകങ്ങളെല്ലാം നഷ്ടപ്പെട്ടതിനാല്‍ 'ജുറാസിക് പാര്‍ക്ക്' മാതൃകയിലുള്ള പുനഃസൃഷ്ടി സാധ്യമല്ലെന്ന് സംഘത്തിലുണ്ടായിരുന്ന ഗവേഷകന്‍ ബെഞ്ചമിന്‍ ബോംഫ്‌ല്യൂര്‍ അഭിപ്രായപ്പെട്ടു.
ഭൂമുഖത്ത് കുതിരകളും കാണ്ടാമൃഗങ്ങളും ആടുകളുമൊക്കെ ഭൂമുഖത്ത് ആദ്യമായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയ കാലത്ത് ( Eocene period ) ഉണ്ടായിരുന്ന ജീവിയുടേതാണ് ബീജം.
ജീവിവര്‍ഗങ്ങളുടെ പരിണാമത്തിലേക്ക് കൂടുതുല്‍ വെളിച്ചം വീശാന്‍ ഈ കണ്ടെത്തല്‍ സഹായിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. 'റോയല്‍ സൊസൈറ്റി ബയോളജി ലറ്റേഴ്‌സിന്റെ' പുതിയ ലക്കത്തിലാണ് ഈ കണ്ടെത്തലിനെക്കുറിച്ചുള്ള പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
No comments:
Post a Comment