navbar1

HOME

Wednesday, February 3, 2016

മഞ്ഞുകാല രോഗങ്ങള്‍


മഞ്ഞുകാല രോഗങ്ങള്‍
ജലദോഷം
വര്‍ഷത്തില്‍ ഏതുകാലത്തും ആരെയും ബാധിക്കാവുന്നതാണെങ്കിലും മഴ, മഞ്ഞു മാസങ്ങളിലെ രോഗങ്ങളില്‍ പ്രധാനി ജലദോഷമാണ്. അതിയായ ചൂടില്‍നിന്ന് മഞ്ഞുകാലത്തിന്റെ തണുപ്പിലേക്കു പെട്ടെന്നുണ്ടാകുന്ന മാറ്റം ശരീരോഷ്മാവിനെ സ്വാഭാവികമായി നിലനിര്‍ത്താനുളള വ്യക്തിയുടെ കഴിവിനെ ദോഷകരമായി ബാധിക്കുന്നതിനാലാണ് ഇങ്ങിനെ സംഭവിക്കുന്നത്. നൂറുകണക്കിന് റൈനോ വൈറസുകളില്‍ ഏതിന്റെയെങ്കിലും ആക്രമണഫലമായി ഉണ്ടാകുന്ന ജലദോഷം, മൂക്കൊലിപ്പ്, മൂക്കിനുള്ളില്‍ ഇഴച്ചില്‍, തുമ്മല്‍, ശരീരോഷ്മാവില്‍ നേരിയ വര്‍ധന, ക്ഷീണം, തൊണ്ടചൊറിച്ചില്‍ എന്നീ ലക്ഷണങ്ങളോടുകൂടിയ പകര്‍ച്ചവ്യാധിയാണ്. പക്ഷേ ദിവസത്തിന്റെ പല നേരങ്ങളിലെ എയര്‍കണ്ടീഷണറിന്റെ സാന്നിധ്യവും അസാന്നിധ്യവും ഇതേ അവസ്ഥ സൃഷ്ടിക്കുന്നതിനാല്‍ ജലദോഷത്തെ എല്ലാ കാലാവസ്ഥയുടെയും രോഗം”എന്നു ഗണിക്കാവുന്ന പരിതസ്ഥിതിയാണ് ഇന്നുള്ളത്. ധാരാളം വെള്ളം കുടിക്കുക, വിറ്റമിന്‍ സി അടങ്ങിയ ഭക്ഷണം കഴിക്കുക, കൈകള്‍ ശുചിയായി സൂക്ഷിക്കുക, ഉപയോഗിച്ച കൈലേസ്തന്നെ വീണ്ടും വീണ്ടും ഉപയോഗിച്ച് അണുബാധ വര്‍ധിപ്പിക്കാതെ ടിഷ്യൂപേപ്പര്‍ ഉപയോഗിക്കുക. ഇവ ഒരുപരിധിവരെ രോഗം വേഗം സുഖപ്പെടാനും പകരാതിരിക്കാനും സഹായിക്കുന്നതാണ്.
ഇന്‍ഫ്ളുവന്‍സ
ഫ്ളൂ”എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ പകര്‍ച്ചപ്പനി പലതരം ഇന്‍ഫ്ളുവന്‍സ വൈറസുകളുടെ സംഭാവനയും അന്തരീക്ഷവായുവില്‍ക്കൂടി പകരുന്നതും ശ്വാസകോശത്തെ ബാധിക്കുന്നതുമാണ്. തൊണ്ടവേദന, ചുമ, ചൂട്, ശരീരവേദന, കുളിര്, ക്ഷീണം എന്നീ ലക്ഷണങ്ങളോടുകൂടിയ ഇന്‍ഫ്ളുവന്‍സ പൊതുവില്‍ ഒരു ഗുരുതര രോഗമായി പരിഗണിക്കപ്പെടുന്നില്ല. (പക്ഷേ നൂറിനുമേല്‍ അംഗസംഖ്യയുള്ള ഇന്‍ഫ്ളുവന്‍സ വൈറസുകളിലെ കുഴപ്പക്കാരായുള്ളവര്‍ അനേകരുടെ മരണത്തിനിടയാകുന്ന സ്വൈന്‍ ഫ്ളൂ അഥവാ എച്ച്1എന്‍1, ഡെങ്കി, പ്ളേഗ് മുതലായ മാരക രോഗങ്ങളെയും മനുഷ്യരാശിക്കിടയിലേക്ക് അഴിച്ചുവിടുന്നുണ്ട്). പ്രായാധിക്യം ഉള്ളവരിലും തീരെ ചെറിയ കുട്ടികളിലും ശ്വാസകോശസംബന്ധിയായ രോഗങ്ങളുള്ളവരിലും സാധാരണ ഇന്‍ഫ്ളുവന്‍സ പെട്ടെന്ന് ബാക്ടീരിയല്‍ ന്യുമോണിയ ആകാനുള്ള സാധ്യത ഏറെയുള്ളതിനാല്‍ ഇക്കൂട്ടര്‍ക്ക് അതീവശ്രദ്ധ ആവശ്യമുണ്ട്.
ആസ്തമ
തണുത്ത വായു ശ്വാസനാളികളിലുണ്ടാക്കുന്ന സമ്മര്‍ദമാണ് മഞ്ഞുകാലത്ത് ആസ്ത്മ ഉണ്ടാക്കുന്നത്. ശ്വാസകോശങ്ങളിലെ തീരെ ചെറിയ അറകള്‍പോലും ഇയോസിനോഫില്‍, ലിംഫോസൈറ്റ് എന്നീ വെളുത്തരക്താണുക്കളും രക്തത്തിലെ ദ്രാവകാംശമായ പ്ളാസ്മയും കലര്‍ന്ന കഫംകൊണ്ട് നിറയുകയും തന്മൂലം പ്രാണവായുവിന്റെ സുഗമമായ സഞ്ചാരം തടസ്സപ്പെടുകയും ശ്വസനം എന്നത് അധ്വാനമായി മാറുകയും ചെയ്യുന്നു. ശ്വാസംമുട്ടല്‍, ചുമ, കഫക്കെട്ട്, ക്ഷീണം, നെഞ്ചിലെയും പുറത്തെയും ചെറിയ പേശികള്‍ക്ക് വേദന ഇവയാണ് ആസ്തമയുടെ സ്വാഭാവിക ലക്ഷണങ്ങള്‍.
റെയ്നോഡ്സ് ഫിനോമിന
വിളറിയും പിന്നെ രക്തയോട്ടം നന്നേ കുറഞ്ഞ് നീലിച്ചും മരവിച്ചും പെരുത്തും തുടിച്ചും പുകഞ്ഞും വേദനിച്ചുമുള്ള കൈ–കാല്‍ വിരലറ്റങ്ങളും കാതുകളും മൂക്കിന്‍തുമ്പുമായി, അന്തരീക്ഷതാപം പാകമാവുന്നതുവരെ മാത്രം നിലനില്‍ക്കുന്ന അസ്വസ്ഥതകളുമായി റെയ്നോഡ്സ് ഫിനോമിന മഞ്ഞുകാലത്തു പ്രത്യക്ഷപ്പെടുന്നു.
സന്ധിവേദന
മഞ്ഞും സന്ധിയും തമ്മില്‍ എന്തെങ്കിലും ബന്ധമുള്ളതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും തണുപ്പുകാലത്ത് പതിവുള്ള വ്യായാമശീലങ്ങളില്‍ അയവുവരാറുള്ളതുമൂലം രക്തയോട്ടം കുറയുകയും സന്ധികളില്‍ നീര്‍ക്കെട്ട്, വേദന, ചലനത്തിന് ആയാസം എന്നിവ ഉണ്ടാവുകയും ചെയ്യുന്നു.
ചര്‍മരോഗങ്ങള്‍
അന്തരീക്ഷവായുവിലെ ഈര്‍പ്പം കുറഞ്ഞിരിക്കുന്നതിനാല്‍ ചര്‍മം വരണ്ടുപോവുക, ചൊറിഞ്ഞു തടിക്കുക, ചുണ്ടുകളും കാല്‍പ്പാദങ്ങളും വിണ്ടുകീറുക ഇവയാണ് പൊതുവെ മഞ്ഞുകാലം സമ്മാനിക്കുന്ന ചര്‍മരോഗങ്ങള്‍. സൈനസൈറ്റിസ് അഥവാ പീനസം തലയോട്ടിയിലെ, “സൈനസുകള്‍”എന്നു വിളിക്കപ്പെടുന്ന ചേര്‍പ്പുകളില്‍ കാലാവസ്ഥാ വ്യതിയാനംമൂലം സ്രവങ്ങള്‍ വേണ്ടതിലും അധികമായി ഉല്‍പ്പാദിപ്പിക്കപ്പെടുകയും മൂക്കിന് ഉള്‍ഭാഗത്തെ മൃദുകോശങ്ങള്‍ നീരുവന്നു വീര്‍ക്കുകയാല്‍ അത് സുഗമമായി മൂക്കിലൂടെ പുറത്തേക്ക് ഒഴുകിപ്പോകാന്‍ സാധിക്കാതെയും വരുന്നു. ഇപ്രകാരം കെട്ടിനില്‍ക്കുന്ന സ്രവങ്ങളുണ്ടാക്കുന്ന മര്‍ദംമൂലം സൈനസുകളിലും തലയ്ക്കു മുഴുവനായും വേദന, മന്ദത എന്നിവ അനുഭവപ്പെടുകയും ചിലപ്പോള്‍ ശരീരോഷ്മാവ് ഉയരുകയും ചെയ്യുന്നു.
ഹൃദയസ്തംഭനം തണുപ്പ് അധികമാകുന്ന അന്തരീക്ഷം പൊതുവെ രക്തസമ്മര്‍ദത്തെ ഉയര്‍ത്തുന്നതിനാലും ശരീരത്തിന് തണുപ്പിനെ ചെറുക്കാനുള്ള ശക്തി നല്‍കാനായി ഹൃദയത്തിന് സാധാരണയിലുമധികം അധ്വാനം ചെയ്യേണ്ടിവരുന്നതിനാലുമാണ് മഞ്ഞുമാസങ്ങളില്‍ ഹൃദയസ്തംഭനം അധികരിച്ചുകാണുന്നത്. ഹൃദയസംബന്ധമായ രോഗങ്ങളുള്ളവര്‍ ഇത്തരം കാലാവസ്ഥയില്‍ പുറത്തുപോകുമ്പോള്‍ തണുപ്പിനെ ചെറുക്കുവാനുതകുന്ന വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുകയും മുറിക്കുള്ളിലെ താപനില 21 ഡിഗ്രി സെല്‍ഷ്യസ് അഥവാ 70 ഡിഗ്രി ഫാരന്‍ഹീറ്റ് എന്നു ചിട്ടപ്പെടുത്തുകയും ചെയ്യുന്നത് നല്ലതാണ്. തൊണ്ടവേദന സാധാരണഗതിയില്‍ തൊണ്ടവേദന ടോണ്‍സിലെറ്റിസ്”എന്ന ബാക്ടീരിയല്‍ രോഗവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത് എങ്കിലും മഞ്ഞുകാലത്ത് വൈറസ്ബാധമൂലമുള്ള തൊണ്ടവേദനയാണ് മുഖ്യമായി കാണപ്പെടുന്നത്. ചെവിവേദന സാധാരണയിലും താഴ്ന്ന ഊഷ്മാവുമായി ഉളളില്‍ക്കിടക്കുന്ന വായുവുമായി കര്‍ണകോശങ്ങള്‍ക്കും കര്‍ണപുടത്തിനും സമരസപ്പെടാനാവാത്തതിന്റെ ഫലമായാണ് മഞ്ഞുകാലത്ത് ചെവിവേദന ഉണ്ടാകാറുള്ളത്.ബ്രോങ്കിയോലൈറ്റിസ് ചെറിയ ശ്വാസനാളികളില്‍പ്പോലും നീര്‍ക്കെട്ടുമായി ചെറിയ കുട്ടികളെ ബാധിക്കുന്ന ബ്രോങ്കിയോലൈറ്റിസ് തണുത്ത വായു തുടര്‍ച്ചയായി ശ്വസിക്കേണ്ടിവരുന്നതിന്റെ ബാക്കിപത്രമാണ്. കാലാവസ്ഥയില്‍ പുറത്തുപോകുമ്പോള്‍ തണുപ്പിനെ ചെറുക്കാനുതകുന്ന വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുകയും മുറിക്കുളളിലെ താപനില 21 ഡിഗ്രി സെല്‍ഷ്യസ് അഥവാ 70 ഡിഗ്രി ഫാരന്‍ഹീറ്റ് എന്നു ചിട്ടപ്പെടുത്തുകയും ചെയ്യുന്നത് നല്ലതാണ്.
(കായംകുളം പുതിയവിള പട്ടോളില്‍ ഹോമിയോ ക്ളിനിക്കില്‍ ഡോക്ടറാണ് ലേഖിക)

കടപ്പാട്: deshabhimani

No comments:

Post a Comment

  മധുരിക്കും മിറാക്കിൾ ഫ്രൂട്ട് സമീപകാലത്ത് നമ്മുടെ നാട്ടിൽ അതിഥിയായെത്തിയ പഴവർഗച്ചെടിയാണ് മിറാക...