കൃഷിയില്‍ സൂക്ഷ്മ മൂലകങ്ങളുടെ പ്രയോഗം
വിളകളുടെ വളര്‍ച്ചയ്ക്കും ഉല്‍പ്പാദനത്തിനും നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് തുടങ്ങിയ പ്രാഥമികമൂലകങ്ങള്‍ ആവശ്യമാണല്ലോ. എന്നാല്‍, പ്രാഥമികമൂലകങ്ങളെപോലെതന്നെ അത്യാവശ്യമായവയാണ് ദ്വിതീയമൂലകങ്ങളും സൂക്ഷ്മമൂലകങ്ങളും. കാത്സ്യം, മഗ്നീഷ്യം, സള്‍ഫര്‍ എന്നിവ ദ്വിതീയമൂലകങ്ങളിലും സിങ്ക്, ബോറോണ്‍, ചെമ്പ്, മാംഗനീസ് തുടങ്ങിയവ സൂക്ഷ്മമൂലകങ്ങളിലുംപെടും. പ്രാഥമികമൂലകങ്ങളെ അപേക്ഷിച്ച് കുറച്ചുമാത്രമേ ഇവ ആവശ്യമുള്ളു. അതുകൊണ്ടുതന്നെ സൂക്ഷ്മമൂലകങ്ങള്‍ക്ക് പ്രാധാന്യമൊന്നും നാം നല്‍കാറുമില്ല. ഇന്ന് സൂക്ഷമമൂലകങ്ങള്‍ മണ്ണില്‍ തീരെ കുറഞ്ഞു അല്ലെങ്കില്‍ ഏതാണ്ട് ഇല്ലാത്ത അവസ്ഥയിലായി എന്നുപറയാം. ദ്വിതീയമൂലകങ്ങളുടെയും സൂക്ഷ്മമൂലകങ്ങളുടെയും അഭാവലക്ഷണം പലപ്പോഴും രോഗബാധയായി തെറ്റിദ്ധരിക്കപ്പെടുന്നു.
ക്ലോറോഫില്‍ രൂപീകരണത്തിനും പ്രകാശസംശ്ലേഷണത്തിനും കാര്ബോഹൈഡ്രോ വ്യാപനത്തിനും എന്നുവേണ്ട വളര്‍ച്ചയ്ക്കും ഉല്പ്പാദനത്തിനുംവരെ ദ്വിതീയ, സൂക്ഷ്മമൂലകങ്ങള്‍ക്ക് അതിന്റേതായ പങ്കുണ്ട്. മണ്ണില്‍ കുറഞ്ഞവരുന്ന ഒരു പ്രധാന മൂലകമാണ് കാത്സ്യം. ഇളം ഓലകളിലാണ് കാത്സ്യത്തിന്റെ അഭാവലക്ഷണം ആദ്യം പ്രത്യക്ഷപ്പെടുക. വട്ടത്തില്‍ മഞ്ഞനിറമുള്ള പാടുകളായി തുടങ്ങി മധ്യത്തില്‍ തവിട്ടുനിറമുള്ള പാടുകളായിത്തീരുന്നു. ഇവ കൂടിച്ചേര്‍ന്ന് അവസാനം ഇല കരിഞ്ഞുണങ്ങുന്നു. വാഴയിലെ കുരുനിലകള്ക്ക് കട്ടികൂടി അകം മഞ്ഞളിക്കുന്നുണ്ടെങ്കില്‍ കാത്സ്യം കുറവാണെന്ന് ഉറപ്പിക്കാം. നെല്ലിലെ നാമ്പോല ഞരമ്പുകള്‍ക്കിടയിലെ മഞ്ഞളിപ്പും വളര്‍ച്ചാമുകുളങ്ങള്‍ മുരടിച്ച് കരിയുന്നതും കാത്സ്യത്തിന്റെ അഭാവലക്ഷണമാണ്. അസന്തുലിതമായ വളപ്രയോഗരീതിയും ചെടികള്‍ തമ്മിലുള്ള അകലക്കുറവും രൂക്ഷമാക്കുന്നത് സിങ്കിന്റെ അഭാവത്തെയാണ്. വാഴയിലയുടെ വീതി നീളത്തെ അപേക്ഷിച്ച് വളരെയധികം കുറയുന്നുണ്ടെങ്കില്‍ ശ്രദ്ധിച്ചേപറ്റൂ. സാധാരണയില്‍നിന്ന് വ്യത്യസ്തമായി വാഴത്തടിയുടെ വശത്തുകൂടി കുല പുറത്തുവരുന്നതും കായകന്‍ നീളവും കനവും കുറഞ്ഞ് ഇളംപച്ചനിറത്തില്‍ കാണുന്നതും സിങ്കിന്റെ അഭാവത്തെ സൂചിപ്പിക്കുന്നു.
വാഴ ഒന്നിന് 50 ഗ്രാം സിങ്ക്സള്ഫേറ്റാണ്. ശാസ്ത്രീയശുപാര്ശ. നെല്ലോലകള്‍ ചെറുതാകുന്നതും ഇലഞരമ്പുകളില്‍ പച്ചപ്പുള്ളികള്‍ പ്രത്യക്ഷപ്പെടുന്നതും നെല്ല് മൂപ്പെത്താന്‍ കാലതാമസം വരുന്നതും വയലില്‍ പല ചെടികള്‍ക്കും പല വളര്‍ച്ചയുണ്ടാകുന്നതും സിങ്ക്സള്ഫേറ്റിന്റെ അഭാവംമൂലമത്രെ. പ്രതിവിധിയെന്നോണം ഏക്കറിന് നാലുകിലോ സിങ്ക്സള്‍ഫേറ്റ് ചേര്‍ത്തുകൊടുക്കാം. ഉല്‍പ്പാദനത്തെ പ്രതികൂലമായി ബാധിക്കുന്ന മറ്റൊരു സൂക്ഷ്മമൂലകമാണ് ബോറോണ്‍. തെങ്ങില്‍ പൂങ്കുലകള്‍ കരിഞ്ഞുണങ്ങുന്നതും മച്ചിങ്ങാ കൊഴിച്ചിലും പേടുതേങ്ങ ഉണ്ടാകുന്നതിനും ഇന്ന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് ബോറോണിന്റെ ലഭ്യതക്കുറവാണ്. ബോറോണിന്റെ അഭാവലക്ഷണം കാണിക്കുന്ന തെങ്ങിന്‍ത്തോട്ടങ്ങളില്‍ വര്‍ഷത്തില്‍ രണ്ടുതവണ 50 ഗ്രാംവീതം ബോറാക്സ് ചേര്‍ക്കണം. വാഴയില മുറിഞ്ഞുപോകുന്നതും ചുരുണ്ടു വികൃതമാകുന്നതും പഴത്തിലെ കല്ലിപ്പും ബോറോണിന്റെ അഭാവലക്ഷണമാണ്. നടുമ്പോള്‍ത്തന്നെ കുഴിയൊന്നിന് 20 ഗ്രാം സോറാക്സും നാലും അഞ്ചും മാസങ്ങളില്‍ അഞ്ച് ഗ്രാം ബോറിക് ആസിഡ് ഒരുലിറ്റര്‍ വെള്ളത്തില്‍ എന്നതോതില്‍ ഇലകളില്‍ തളിച്ചുകൊടുക്കാനും ശ്രദ്ധിക്കണം.പ്രാഥമികമൂലകങ്ങളോടൊപ്പം സൂക്ഷ്മമൂലകങ്ങളും പ്രയോഗിച്ചാല്മാത്രമേ സന്തുലിതവളപ്രയോഗമാകൂ.
(തളിപ്പറമ്പ് മണ്ണു പരിശോധനാകേന്ദ്രത്തില്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടറാണ് ലേഖിക)
കടപ്പാട്-deshabhimani-kilivathil
No comments:
Post a Comment